


തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ മെത്രാപ്പോലിത്തൻ ആർച്ച്ബിഷപ്പും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അദ്ധ്യക്ഷനുമായിരുന്ന ആർച്ച്ബിഷപ്പ് ബനഡിക്റ്റ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 32-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ശാന്തിയാത്രയും സംഘടിപ്പിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ അത്മായ സംഘടനയായ മലങ്കര കാത്തലിക് അസോസിയേഷന്റെ (MCA) നേതൃത്വത്തിൽ നാലാഞ്ചിറ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.എം.സി.എ. മേജർ അതിഭദ്രാസന പ്രസിഡന്റ് റെജിമോൻ വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം.സി.എ. സഭാതല പ്രസിഡന്റ് ബൈജു എസ്.ആർ. പേപ്പൽ പതാക ഏറ്റുവാങ്ങി. സമ്മേളനം പത്തനംതിട്ട ഭദ്രാസനാധിപൻ അഭി. ഡോ. സാമുവേൽ മാർ ഐറേനിയോസ് പിതാവ് ഉദ്ഘാടനം ചെയ്തു.മനുഷ്യനെയും മണ്ണിനെയും ഒരുപോലെ സ്നേഹിച്ച വ്യക്തിത്വമായിരുന്നു ആർച്ച്ബിഷപ്പ് ബനഡിക്റ്റ് മാർ ഗ്രീഗോറിയോസ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സാമുവേൽ മാർ ഐറേനിയോസ് പിതാവ് സ്മരിച്ചു. വർഗീയചിന്തകൾ മനുഷ്യബന്ധങ്ങളെ തകർക്കാൻ ശ്രമിച്ചപ്പോഴൊക്കെയും സർവ്വജനങ്ങളെയും സ്നേഹത്തിന്റെ ചരടിൽ കോർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മേജർ അതിഭദ്രാസന സഹായമെത്രാൻ അഭി. വന്ദ്യ. യുഹാനോൻ മാർ അലക്സിയോസ് പിതാവ് അനുഗ്രഹപ്രഭാഷണവും, എം.സി.എ. മേജർ അതിഭദ്രാസന ആത്മീയ ഉപദേഷ്ടാവ് ഫാ. മാത്യൂ പാറയ്ക്കൽ OIC ആമുഖ പ്രസംഗവും നിർവഹിച്ചു. എം.സി.എ. മേജർ അതിഭദ്രാസന ജനറൽ സെക്രട്ടറി രാജുമോൻ ഏഴംകുളം, ജില്ലാ വികാരി റവ. ഫാ. ജോൺ വിളയിൽ, ജില്ലാ ഡയറക്ടർ ഫാ. ഫിലിപ്പ് കണ്ണംകുളം, ഫാ. ഡാനിയേൽ മണ്ണിൽ OIC എന്നിവർ ആശംസകൾ അർപ്പിച്ചു.സമ്മേളനത്തിനു ശേഷം പട്ടം സെന്റ് മേരീസ് മേജർ ആർച്ചുഎപ്പിസ്കോപ്പൽ കത്തീഡ്രലിലേക്ക് നടന്ന ശാന്തിയാത്രയ്ക്ക് വികാരി ജനറൽ ഫാ. തോമസ് കൈയ്യാലക്കൽ, കോർ എപ്പിസ്കോപ്പാ ഫാ. വർക്കി ആറ്റുപുറം, ജോൺ അരുശുംമൂട്, തോമസ് ചെറിയാൻ, സാം ജോസഫ്, തോമസ് ഈപ്പൻ, സാലു പതാലിൽ, സാബു തുണ്ടിയത്ത്, മൈക്കിൾ ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.
.