

.png)
ഭോപ്പാൽ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ്–ഡൽഹി സെന്റ് ജോൺ ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ ജനറൽ കൺവെൻഷൻ നവംബർ 9, 10 തീയതികളിൽ ഭോപ്പാലിൽ നടന്നു. "Witness of Hope and Love in Truth and Action" (സത്യത്തിലും പ്രവൃത്തിയിലും പ്രത്യാശയുടെയും സ്നേഹത്തിന്റെയും സാക്ഷികളാകുക) എന്ന മുഖ്യപ്രമേയത്തെ ആസ്പദമാക്കിയായിരുന്നു കൺവെൻഷൻ. ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് പിതാവിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം ഖഡ്കി–പൂനെ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ മാത്യൂസ് മാർ പക്കോമിയോസ് പിതാവ് ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് പിതാവ് അനുഗ്രഹപ്രഭാഷണം നടത്തി. രണ്ടുദിവസത്തെ ജനറൽ കൺവെൻഷനിൽ മിഷൻ പ്രവർത്തനങ്ങൾ, അൽമായ നേതൃത്വം (MCA), വനിതകളുടെ പങ്കാളിത്തം (MCMF), വിശ്വാസപരിശീലനം (MCCL), യുവജനങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും (MCYM) തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകളും ചർച്ചകളും നടന്നു.
"Role of Laity as Witness of Hope and Love in Truth and Action" എന്ന വിഷയത്തിൽ നടന്ന എം.സി.എ. സെഷനിൽ അഭിവന്ദ്യ മാത്യൂസ് മാർ പക്കോമിയോസ് പിതാവും എം.സി.എ. സഭാതല പ്രസിഡന്റ് ശ്രീ. ബൈജു എസ്.ആറും ക്ലാസുകൾ നയിച്ചു. സഭയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും അൽമായർക്കുള്ള ഉത്തരവാദിത്തങ്ങൾക്കൊപ്പം യുവജനങ്ങളുടെ പങ്കാളിത്തത്തിനും പ്രത്യേക പ്രാധാന്യമുണ്ടെന്നും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം കേട്ട് സഭയുടെ വിവിധ മേഖലകളിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ അവസരമൊരുക്കേണ്ടതിന്റെ ആവശ്യകതയും സഭാതല പ്രസിഡന്റ് ബൈജു എസ്.ആർ. വിശദീകരിച്ചു.
എം.സി.എ. ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം വർഗീസ് മാമ്മൻ സ്വാഗതം ആശംസിച്ചു. ബാർ ഈത്തോ കാശീറോ വി. എ. ജോർജ്, ബാർ ഈത്തോ കാശീറോ എൻ. സി. ഫിലിപ്പ്, ഭദ്രാസന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. സാബു സാമുവൽ, സി.ബി.സി.ഐ. അൽമായ കമ്മീഷൻ സെക്രട്ടറി അഡ്വ. എബ്രഹാം പട്ടിയാനി, എം.സി.എ. ഖഡ്കി–പൂനെ ഭദ്രാസന പ്രസിഡന്റ് ജോസ് മാത്യു അലക്സാണ്ടർ, എം.സി.എ. ഗ്ലോബൽ വൈസ് പ്രസിഡന്റ് മേരിക്കുട്ടി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ചർച്ചകളിൽ അൽമായ നേതൃത്വത്തിന്റെ പ്രാധാന്യവും സഭയുടെ പ്രവർത്തനങ്ങളിൽ വിശ്വാസികളുടെ പങ്കാളിത്തവും ചർച്ചയായി. എം.സി.എ. ഭദ്രാസന പ്രസിഡന്റ് ശ്രീ. റെജി തോമസ് സെഷന്റെ മോഡറേറ്ററായി പ്രവർത്തിച്ചു.
സഭാതല സമിതി പ്രസിഡന്റ് ശ്രീ. ബൈജു എസ്.ആർ. ഗുഡ്ഗാവ്–ഡൽഹി ഭദ്രാസനത്തിലെ രണ്ട് ഭവനങ്ങളുടെ നിർമ്മാണത്തിനായുള്ള അവസാന ഗഡുവും ദേവാലയത്തിനുള്ള ധനസഹായവും ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് പിതാവിന് കൈമാറി.
അൽമായ നേതൃത്വത്തിലും ജീവകാരുണ്യ–സാമൂഹിക സേവന പ്രവർത്തനങ്ങളിലും നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് എം.സി.എ. സഭാതല പ്രസിഡന്റ് ശ്രീ. ബൈജു എസ്.ആറിന് ജനറൽ കൺവെൻഷനിൽ എക്സലൻസ് അവാർഡ് (Excellence Award) നൽകി ആദരിച്ചു.സഭയുടെ ദൗത്യത്തിൽ അൽമായരുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തവും സാമൂഹിക പ്രതിബദ്ധതയും ശക്തിപ്പെടുത്തേണ്ടതിന്റെ സന്ദേശം ഉയർത്തിക്കാട്ടുന്നതായിരുന്നു ജനറൽ കൺവെൻഷൻ